അടയ്ക്കുക

യക്ഷഗാനം

ഇന്ത്യയിലെ പ്രാദേശിക കലാരൂപങ്ങളിൽ പ്രശസ്തമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് ‘ബയലാട്ടം’ എന്നു കൂടി അറിയപ്പെടുന്ന ‘യക്ഷഗാനം’. പക്ഷേ! കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്

സംഗീത, സാഹിത്യ നൃത്യാദികൾ ഒത്തൊരുമിക്കുന്ന ഒരു പരിപൂർണ കലയാണ് യക്ഷഗാനം. അഭിനയത്തിന്റെ എല്ലാ ഭാവങ്ങളും ഇതിലുണ്ട്. ആഹാര്യ, ആംഗിക, സ്വാതികാധി, ചതുരംഗങ്ങൾ സമ്മേളിക്കുന്ന ഒരു കലയാണ് യക്ഷഗാനം. ഭക്തിയും മതാചാരങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. മഞ്ചേശ്വരം മഹാകവി ഗോവിന്ദ പൈ സ്മാരകത്തിൽയക്ഷഗാന മ്യൂസിയവും കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ യക്ഷഗാന ഗവേഷണകേന്ദ്രവും പ്രവർത്തിക്കുണ്ട്.

പഴയകാലത്ത് ഒരേ രൂപത്തിലുള്ള യക്ഷഗാനമാണ് കർണാടകത്തിൽ ആദ്യന്തം പ്രചാരത്തിലുണ്ടായിരുന്നത്. കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായി കിഴക്കൻ രൂപമെന്നും പടിഞ്ഞാറൻ രൂപമെന്നും രണ്ട് തരത്തിലായി. പശ്ചിമ ഘട്ടമായ മൈസൂർ, ചിക്ക മംഗളൂരു,ബെല്ലാരി മുതലായ പ്രദേശങ്ങളിൽ കിഴക്കൻ ശൈലിയും കാസറഗോഡ് മുതൽ ഹോനവർ വരെ പടിഞ്ഞാറൻ ശൈലിയും കാണാം. 1590-1620 കാലഘട്ടത്തിൽ രചിച്ച രാമായണം യക്ഷഗാനത്തിലെ ഒരു നാഴിക കല്ലാണ്. കുമ്പളയിലെ പാർത്ഥി സുബ്ബന്റെ കൃതികളിൽ രാമനാട്ടത്തിന്റെ സ്വാധീനം കാണാം. യക്ഷഗാനത്തിലെ ഇതിവൃത്തങ്ങൾ പൊതുവെ ദേവാസുരയുദ്ധങ്ങളാണ്. സത്യത്തിന് വിജയവും അസത്യത്തിന് പരാജയവുമെന്ന് സ്ഥാപിക്കുന്ന മഹാഭാരത,രാമായണ,ഭാഗവത പുരാണ കഥകളാണ് സാധാരണയായി അവതരിപ്പിക്കുന്നത്.

യക്ഷഗാനം

പഴയ കാലങ്ങളിൽ രണ്ട് മുതൽ ഇരുപത്തിരണ്ട് ദിവസങ്ങൾ വരെ ഒരേ കഥ അവതരിപ്പിക്കുമായിരുന്നു. എന്നാൽ ഇന്ന് മൂന്നോ, നാലോ മണിക്കൂറിൽ തന്നെ ആടിത്തീർക്കും. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. അവസാനമായി എല്ലാ നടന്മാരും ഒന്നിച്ച് അരങ്ങിൽ വന്ന് മംഗളഗാനം ആലപിച്ചാൽ ശുഭപര്യവസാനമായി….

യക്ഷഗാനം

മുൻ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ നാട്യസമ്പ്രദായത്തിൽ പങ്കെടുക്കാൻ അവസരം കൊടുത്തിരുന്നില്ല. അക്കാരണത്താൽ പുരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ആയതിനു പുരുഷന്മാർ മുടി നീട്ടിവളർത്തുകയും നടകൾ അഭ്യസിക്കുകയും ചെയ്തിരുന്നു. ഇന്നാകട്ടെ സ്ത്രീകൾ കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കുന്നുണ്ട്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്മരിപ്പിക്കുന്ന കിരീടമാണ് നടൻ ധരിക്കുന്നത്. കൊണ്ടവച്ച് കിരീടം അണിയുന്നു. മുഖത്ത് പച്ച തേക്കും. കണ്ണും പുരികവും എഴുതും. ഹസ്തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു