അടയ്ക്കുക

ചരിത്രം

കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജി.ഒ (എം.എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.

കാസറഗോഡ്

കേരളത്തിന്‍റെ കിരീടമാണ് കാസറഗോഡ് എന്നു പറയാം, ബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങള്‍, നവീന ശിലായുഗ സംസ്കാരത്തിന്‍റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍, നന്നങ്ങാടികള്‍, മുനിയറകള്‍, പ്രാചീന ഭരണരീതികള്‍ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങള്‍, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാര്‍ന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്.
കാസറഗോഡ് എന്നാല്‍ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയില്‍ څതുളുവരാജര്‍കളെല്ലര്‍ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാള്‍چഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.

ചരിത്രപരമായ പശ്ചാത്തലം

മഹാ ശിലായുഗം മുതല്‍ മനുഷ്യാധിവാസം നിലനിന്ന പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടന്‍ ചെങ്കല്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മണ്‍പാത്രങ്ങള്‍, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകള്‍ നല്‍കുന്നു. മണ്ണുകൊണ്ട് തീര്‍ത്ത മായിലര്‍ കോട്ടകള്‍ ഗോത്ര രാജാക്കډാര്‍ നാടുവാണതിന്‍റെ അവശേഷിപ്പുകളാകാം. കൊറഗര്‍, മലക്കുടിയര്‍, മാവിലര്‍, കോപ്പാളര്‍, മലവേട്ടുവര്‍ എന്നിവര്‍ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലന്‍, പറയന്‍, നരസണ്ണര്‍, മാദിഗര്‍, ബാകുഡര്‍, മൊഗേര്‍, പുലയര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികള്‍ നാടുവാണിരുന്ന ഇടങ്ങളില്‍ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളില്‍ നിന്നും ആരാധനാ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
കൊങ്കണവും തുളുനാടും വഴിയാണ് കേരളത്തിലേക്ക് വൈദികമതം പ്രവേശിച്ചതെന്ന് ചരിത്ര ഗവേഷകര്‍ നിരീക്ഷിക്കുന്നു. വൈദിക മതത്തിന്‍റെ സ്വാധീനം ശ്രീ.ശങ്കരാചാര്യരുടെ കാലമായപ്പോഴേക്കും വളരെ ശക്തമായി. കാസറഗോഡിനടുത്തുളള കൂഡ്ലു ഉടുപ്പിയില്‍ നിന്നുളള മാധ്വാചാര്യരും ത്രിവിക്രമ പണ്ഡിതരും കൂടി ദ്വൈത- അദ്വൈത സംവാദം നടത്തിയ പ്രദേശമാണ്. കൂടല്‍ എന്ന പദത്തില്‍ നിന്നാണ് കൂഡ്ലു ഉത്ഭവിച്ചത്. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കുമ്പളയ്ക്കടുത്തുളള അനന്തപുരത്തെ അനന്ത പത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രമെന്ന് ഐതിഹ്യം. വില്വമംഗലം സ്വാമി തപസ്സനുഷ്ഠിച്ചയിടം എന്നനിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്.
എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കാസറഗോഡിന്‍റെ തീരത്തെ തുറമുഖ പ്രദേശങ്ങള്‍ വഴി സഞ്ചരിച്ച അറബികള്‍ ഇവിടം മികച്ച വാണിജ്യ കേന്ദ്രമാണെന്ന് അടയാളപ്പെടുത്തിയിരുന്നു. څഹര്‍ക്ക് വില്ലിയچ എന്നാണ് 1514 ല്‍ പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ കുമ്പള തുറമുഖം സന്ദര്‍ശിച്ച് രേഖപ്പെടുത്തിയത്. മാലി ദ്വീപിലേക്കും മറ്റും അരി കയറ്റുമതി ചെയ്യുന്ന തുറുമുഖമായിരുന്നു കുമ്പള. മാലിദ്വീപില്‍ നിന്നും ഇവിടേക്ക് കയര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും ബാര്‍ബോസ രേഖപ്പെടുത്തുന്നു.
1800 ല്‍ സന്ദര്‍ശനം നടത്തിയ വെല്ലസ്ലി പ്രഭുവിന്‍റെ കുടുംബ ഡോക്ടറായ ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ മഞ്ചേശ്വരം, ചന്ദ്രഗിരി, ബേക്കല്‍, നീലേശ്വരം, കവ്വായി എന്നീ പ്രദേശങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം യാത്രാ വിവരണത്തില്‍ രേഖപ്പടുത്തിയിട്ടുണ്ട്.
ജില്ലയുടെ ആസ്ഥാനമായ കാസറഗോഡ്, കുമ്പള രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തുളു, മലയാളം ഗ്രാമങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു ഈ രാജ്യം. കാസറഗോഡ് ജില്ലയുടെ വൈദികമതചരിത്രം വ്യക്തമാകുന്നത് കേരളോല്‍പത്തിയിലാണ്.
കുമ്പള രാജവംശം, കോലത്തിരി വംശം, വിജയനഗര സാമ്രാജ്യം, ഇക്കേരി നായ്ക്കډാര്‍, ബേദനൂര്‍ നായ്ക്കډാര്‍, ഹൈദരലി-ടിപ്പു സുല്‍ത്താന്‍മാര്‍, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, സ്വതന്ത്ര ഇന്ത്യ, കാസറഗോഡിന്‍റെ രാഷ്ട്രീയ-ഭരണ ചരിത്രം ഇങ്ങനെയാണ് വികസിച്ചുവരുന്നത്.
പെരുമാക്കډാര്‍ മഹോദയപുരം കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്നപ്പോള്‍ വടക്കേയറ്റത്ത് കാസറഗോഡ് വരെയുള്ള ഭരണാധികാരം മൂഷകരാജവംശത്തിനായിരുന്നു.
പൗരാണികമായി ഏഴിമല രാജവംശത്തിന്‍റെ കീഴിലായിരുന്നു കാസറഗോഡ്. ഏഴിമല രാജവംശത്തിലെ പ്രധാനിയായ നന്ദന്‍ മഹാ രാജാവിന്‍റെ കാലഘട്ടത്തില്‍ ഈ പ്രദേശം ഗൂഡല്ലൂര്‍ മുതല്‍ കോയമ്പത്തൂരിന്‍റെ വടക്ക് പ്രദേശം ഉള്‍പ്പെടെ വികസിപ്പിച്ചു. പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരി നാടിന്‍റെ ഭാഗമായി മാറിയ കാസറഗോഡ് പ്രദേശംമൂഷക രാജവംശമാണ് ഭരിച്ചിരുന്നത്. ഈ വംശത്തിലെ രാജാക്കډാരെ കോലത്തിരിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
വിജയനഗര രാജവംശത്തിന്‍റെ ഭാഗമാകുന്നതുവരെ ഈ പ്രദേശം ഭരിച്ചിരുന്നത് കോലത്തിരി രാജവംശമായിരുന്നു. നീലേശ്വരം കോലത്തിരി രാജവംശത്തിന്‍റെ തലസ്ഥാനങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളുടെ തനത് കലാരൂപമായ തെയ്യക്കോലങ്ങളില്‍ കെട്ടിയാടുന്ന വേഷങ്ങള്‍ വിജയനഗര രാജവംശവുമായുളള യുദ്ധത്തില്‍ കോലത്തിരി രാജവംശത്തെ സഹായിച്ചവരാണെന്നും വിശ്വസിച്ചുവരുന്നു. 1565ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗര സാമ്രാജ്യം ക്ഷയിച്ചു തുടങ്ങുകയും രാജ്യംപല പ്രവിശ്യകളായി വിഭജിച്ച് ഓരോ പ്രവിശ്യയും നാട്ടു രാജാക്കډാരുടെ കൈവശത്തിലാകുകയും ചെയ്തു. ഇക്കേരി നായ്ക്കډാര്‍ (കേളജി നായ്ക്കډാരെന്നും അറിയപ്പെടുന്നു) അത്തരത്തിലുളള രാജവംശമായിരുന്നു. കാസറഗോഡിന്‍റെ വടക്ക് ഭാഗവും ഉഡുപ്പി, ദക്ഷിണ കന്നട ജില്ലയുള്‍പ്പെടെ കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ഭാഗവും ഉള്‍പ്പെടുന്നതായിരുന്നു ഇക്കേരി നായ്ക്കډാരുടെ കൈവശമുണ്ടായിരുന്ന ഭൂപ്രദേശം. ഈ കാലഘട്ടത്തിലാണ് ബേക്കല്‍ മലബാറിന്‍റെ ആധിപത്യം സ്ഥാപിക്കുന്നതിനുളള ഒരു താവളമായി വളര്‍ന്നുവന്നത്. പിന്നിട് ബേക്കല്‍ ഫോര്‍ട്ടിന്‍റെ സാമ്പത്തിക പ്രാധാന്യവും പ്രവിശ്യയുടെ സുരക്ഷിതത്വത്തിന് ബേക്കല്‍ പ്രദേശത്തിന്‍റെ പ്രാധാന്യവും കണക്കിലെടുത്ത് ബേക്കലില്‍ കോട്ട നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. ഹിരിയ വെങ്കപ്പ നായ്ക്ക് തുടക്കമിട്ട കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ശിവപ്പ നായ്ക്കിന്‍റെ കാലഘട്ടത്തിലാണ്. വിദേശ ശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കൂടിയാണ് കോട്ടയുടെ നിര്‍മ്മാണം. അതുകൊണ്ട് വളരെ പെട്ടന്ന് തന്നെ കോട്ടയുടെ പണി പൂര്‍ത്തീകരിക്കുകയുണ്ടായി. ഇതേ കാലഘട്ടത്തിലാണ് ചന്ദ്രഗിരി കോട്ടയും പണി കഴിപ്പിച്ചത്. ബേക്കല്‍ കോട്ടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്. ഇക്കേരി രാജവംശത്തിലെ ശിവപ്പ നായ്ക്ക് നിര്‍മ്മിച്ചതാണ് ബേക്കല്‍ കോട്ടയെന്നും അതല്ല കോലത്തിരി രാജവംശം നിര്‍മ്മിച്ച കോട്ട, പിന്നീട് ശിവപ്പ നായ്ക്ക് പിടിച്ചെടുത്തതാണെന്നും മറ്റും വാദമുണ്ട്.
മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദര്‍ അലി 1763 ല്‍ ഇക്കേരി രാജവംശത്തെ ആക്രമിക്കുകയും മലബാറിലെ കോട്ടകളെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ തലശ്ശേരി കോട്ട പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട ഹൈദര്‍ അലി മൈസൂരിലേക്ക് തിരിച്ച് പോവുകയും 1782 ല്‍ മരണപ്പെടുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തിന്‍റെ മകനായ ടിപ്പു സുല്‍ത്താന്‍ മലബാര്‍ പിടിച്ചെടുക്കുകയും ബ്രിട്ടീഷ്കാരുമായുളള ശ്രീരംഗപട്ടണം ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ്കാര്‍ക്ക് വിട്ട് നല്‍കുകയുമുണ്ടായി. 1799 ല്‍ ടിപ്പു സുല്‍ത്താന്‍ മരണപ്പെട്ടു.
1800 ഫെബ്രുവരിയില്‍ വെല്ലസ്ലി പ്രഭു ഫ്രാന്‍സിസ് ബുക്കാനന്‍ എന്ന ഭിഷഗ്വരനെ മൈസൂര്‍ ഉള്‍പ്പെടെ, ശ്രീരംഗ പട്ടണം ഉടമ്പടി പ്രകാരം, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രസ്തുത പ്രദേശങ്ങളിലെ തല്‍സ്ഥിതി പഠിക്കാന്‍ വേണ്ടി നിയമിച്ചിരുന്നു. 1801 ജനുവരി മാസം 16 ന് അദ്ദേഹം ജില്ലയുടെ തെക്കേ അറ്റത്തുളള കവ്വായിലെത്തിയതായും അതേ മാസം 23 ന് മംഗലാപുരത്തേക്ക് തിരിച്ച് പോയതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ കാലഘട്ടത്തില്‍ ജില്ലയില്‍ നിലനിന്നിരുന്ന സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ ജനങ്ങളുടെ ആഭിമുഖ്യത്തെയും അതിലധിഷ്ഠിതമായ ജീവിതത്തേയും ബുക്കാനന്‍ അദ്ദേഹത്തിന്‍റെ കുറിപ്പുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നീലേശ്വരം, കുമ്പള എന്നീ രാജവംശങ്ങളെ നിഷ്പ്രഭമാക്കികൊണ്ട് 1804 ല്‍ ഈ പ്രദേശങ്ങള്‍ കൂടി ബ്രിട്ടീഷ് ഇന്ത്യയോട് കുട്ടിച്ചേര്‍ക്കുകയുണ്ടായി. 1862 ഏപ്രില്‍ 16 ന് സൗത്ത് കാനറ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമാക്കുകയും ഇപ്പോള്‍ കാസറഗോഡ് ജില്ലയുടെ ഭാഗമായിട്ടുളള പ്രദേശം കാസറഗോഡ് താലൂക്കായി മാറ്റുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം 1956 ല്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതുവരെ ഇതേ സ്ഥിതി തുടര്‍ന്നു വന്നിരുന്നു.

സ്വാതന്ത്ര്യ സമര ചരിത്രം

ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാസറഗോഡ് ജില്ലക്ക് പ്രധാന സ്ഥാനമുണ്ട്. രണ്ടാമത്തെ അബ്ദുള്‍ റഹ്മാന്‍ സാഹിബായി വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ് ശെറുല്‍ സാഹിബ് കാസറഗോഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു.സാമ്രാജ്യത്വ ഭരണകൂടത്തിന്‍റെ ഭീഷണികളെയെല്ലാം അദ്ദേഹം അവഗണിച്ചു. 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന ജവഹര്‍ലാല്‍ നെഹ്റു പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷന്‍ മഹാകവി കുട്ടമത്തായിരുന്നു. വളണ്ടിയര്‍ ക്യാപ്റ്റന്‍ വിദ്വാന്‍ പി. കേളുനായരും ടി.എസ്.തുരുമുമ്പ്, കെ.എ.കേരളീയന്‍, കെ.പി.സി.സി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്ന കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാര്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, എ.സി. കണ്ണന്‍ നായര്‍, എന്‍.കെ.ബാലകൃഷ്ണന്‍, കെ.മാധവന്‍, നാരന്തട്ട രാമന്‍ നായര്‍, എ. അച്യുതന്‍, കാസറഗോഡ് താലൂക്കിലെ സ്വാതന്ത്ര്യ സമര സേനാനികളും കവികളുമായിരുന്ന മഞ്ചേശ്വരം ഗോവിന്ദപൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ, കാര്‍നട് സദാശിവ റാവു, മൂഡബിദ്ര ഉമേശ് റാവു, കന്നഡിഗ കൃഷ്ണ ഭട്ട്, ഗാന്ധി രാമന്‍ നായര്‍, കുമ്പള ഗാന്ധി ദേവപ്പ ആള്‍വ, ബദിയഡുക്ക ഗാന്ധി കൃഷ്ണ ഭട്ട് എന്നിവരെല്ലാം സ്വാതന്ത്ര്യ സമരത്തിന് ഉജ്വല സംഭാവനകള്‍ നല്‍കിയവരാണ്. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭവും വിദേശ വസ്ത്ര ബഹിഷ്കരണവും കളളുഷാപ്പ് പിക്കറ്റിംഗും ഉള്‍പ്പെടെയുളള സമരമുറകളിലൂടെ ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി മാറിയ അവര്‍ ഉപ്പ് സത്യാഗ്രഹം ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയബ്രിട്ടീഷ് നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളികളായി ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായി.
ഖാദി പ്രചരണം, അയിത്തോച്ചാടനം, പന്തിഭോജനം, ഹരിജനോദ്ധാരണ പ്രവര്‍ത്തനം, വ്യക്തി സത്യാഗ്രഹം തുടങ്ങിയ സമര മാര്‍ഗ്ഗങ്ങളില്‍ പങ്കെടുത്ത് ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം നയിച്ചവരുടെയും നാടുവാഴിത്തത്തിനും ജډിത്വത്തിനുമെതിരായ പ്രക്ഷോഭങ്ങളില്‍ ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായി പോരാടിയ യുവ വിപ്ലവകാരികളുടെയും ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും വിജയഗാഥ കൂടിയാണ് ജില്ലയിലെ സ്വാതന്ത്ര്യ സമരചരിത്രം. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിനായി നടത്തിയ സത്യാഗ്രഹത്തില്‍ ജില്ലയുടെ പങ്കാളിത്തം പ്രധാനമായിരുന്നു. തിരുമുമ്പ് സഹോദരډാര്‍, കെ.മാധവന്‍, പി.അമ്പു തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കാളികളായി. കണ്ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്ര പ്രവേശന ജാഥ നയിച്ചത് ടി.എസ്.തിരുമുമ്പായിരുന്നു. കസ്തൂര്‍ബാ ഗാന്ധി സദാശിവ റാവുവിനോടൊപ്പം ഗുരുവായൂരിലെത്തി സത്യാഗ്രഹത്തെ സജീവമാക്കി. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തവരിലും കാസറഗോഡ് താലൂക്കില്‍ നിന്നുളള സമരഭടډാരായിരുന്നു ഏറെയും.

കാടകം വനസത്യാഗ്രഹം

ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ വനനിയമത്തിനെതിരെ ആയിരുന്നു ഈ സത്യാഗ്രഹം. ഗാന്ധിജിയെ 1932 ജനുവരിയില്‍ അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ്സ് നിയമവിരുദ്ധമാക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കാടകം റിസര്‍വ്വ് വനത്തില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവേശിച്ച് നേതാക്കള്‍ ഉപവസിച്ചത്. എ.വി.കുഞ്ഞമ്പു, മഞ്ജുനാഥ ഹെഗ്ഡെ, കിഴക്കേ വളപ്പില്‍ കണ്ണന്‍, അഡ്വ.ഉമേശ് റാവു, നാരന്തട്ട കൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് കാടകം വനസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. പി.കൃഷ്ണപിളള കാടകത്ത് ചെന്ന് സത്യാഗ്രഹികള്‍ക്ക് ആവേശം പകര്‍ന്നു.
ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നാടുവാഴിത്തത്തിനും ജډിത്വത്തിനുമെതിരെ കാസറഗോഡ് നടത്തിയ കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ ഉജ്ജ്വലമായിരുന്നു. കയ്യൂര്‍ സമരം, പാലായി, വിഷ്ണുമംഗലം, മധുരക്കാട് കൊയ്ത്ത് സമരം, ചീമേനി തോല്‍ വിറക് അവകാശ സമരം, കരിന്തളം, രാവണീശ്വരം, പുല്ലൂര്‍ മടിക്കൈ നെല്ലെടുപ്പ് സമരം എന്നിവയെല്ലാം ജډിത്വത്തിനെതിരായ കര്‍ഷക പോരാട്ടങ്ങളായിരുന്നു.

കയ്യൂര്‍ സമരം.

ജډിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് കയ്യൂര്‍ സമരം. അന്യായ പിരിവുകള്‍ക്കെതിരായ പ്രക്ഷോഭമായിരുന്നു അത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ യുദ്ധകാലത്തെ ഭീകര ഭരണത്തിനും നാടുവാഴികളുടെ അന്യായ പിരിവിനുമെതിരെ കര്‍ഷക സംഘം കയ്യൂരില്‍ 1941 മാര്‍ച്ച് 12 ന് ഒരു ജാഥ നടത്തി. ബ്രിട്ടീഷ് ഭരണം നശിക്കട്ടെ ജډിത്വം നശിക്കട്ടെ, യുദ്ധഫണ്ട് കൊടുക്കരുത്, സൈന്യത്തില്‍ ചേരരുത്, മൊറാഴ മട്ടന്നൂര്‍ പ്രതികളെ വിട്ടയക്കുക എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ ജാഥയെ കുറിച്ച് റവന്യു ഇന്‍സ്പെക്ടര്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുപ്രകാരം ജാഥയില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് വാറണ്ടുമായി കയ്യൂരിലെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ സംഘം വധിക്കാനാലോചിച്ചു. പട്ടേലരുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പോലിസുകാരനെ ആരോ കുത്തി. ഇതിനെ തുടര്‍ന്ന് പോലീസ് നരനായാട്ടാരംഭിച്ചു. ടി.വി കുഞ്ഞിരാമനെയും ടി.വി.കുഞ്ഞമ്പുവിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 28 ന് ജാഥയും പൊതുയോഗവും നടത്തി. ചെറിയാക്കരയിലേക്ക് നടത്തിയ ജാഥ കടന്നു പോകുന്ന വഴിയരികിലുണ്ടായിരുന്ന സുബ്ബരായന്‍ എന്ന പോലീസുകാരനെ നിര്‍ബന്ധിച്ച് ജാഥയില്‍ നിര്‍ത്തി കൊടിപിടിപ്പിച്ചു. എടത്തിന്‍കടവിലെത്തിയപ്പോള്‍ പോലീസുകാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ എതിരെ വന്ന ജാഥയിലെ അംഗങ്ങള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ സുബ്ബരായന്‍ കാര്യങ്കോട് പുഴയില്‍ ചാടി. ജനക്കൂട്ടം കല്ലെറിഞ്ഞു. പോലീസുകാരന്‍ മുങ്ങി മരിച്ചു. കര്‍ഷക സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തകരെ എല്ലാം കേസിലുള്‍പ്പെടുത്തിയിരുന്നു. മഠത്തില്‍ അപ്പു, പൊടവര കുഞ്ഞമ്പു നായര്‍, കോയിത്താറ്റില്‍ ചിരുകണ്ടന്‍, അബൂബക്കര്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, എന്നിവരെ ജഡ്ജി തൂക്കികൊല്ലാന്‍ വിധിച്ചു. എന്നാല്‍ കൃഷ്ണന്‍ നായര്‍ മൈനറായതുകൊണ്ട് ശിക്ഷ ഇളവ് ചെയ്ത് ബോസ്റ്റല്‍ സ്കൂളിലേക്കയച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഹൗസ് ഓഫ് കമന്‍സിലും കയ്യൂര്‍ സമരം ചര്‍ച്ച ചെയ്തു. ഒന്നും വിജയിച്ചില്ല. 1943 മാര്‍ച്ച് 29 ന് നാലു പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അഖിലേന്ത്യാ കിസാന്‍ സഭ ഈ ദിനം കയ്യൂര്‍ ദിനമായി വര്‍ഷം തോറും ആചരിക്കാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്കെതിരെയുളള ഭരണകൂടത്തിന്‍റെയും നാടുവാഴികളുടെയും അതിക്രമത്തെ ചെറുത്തു തോല്‍പ്പിച്ച ഗ്രാമമായി കയ്യൂര്‍ ലോക സമര ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നടന്ന തോല്‍വിറക് സമരം, നെല്ലെടുപ്പ് സമരങ്ങള്‍, വിളകൊയ്ത്ത് സമരം എന്നിവയ്ക്കെല്ലാം കയ്യൂര്‍ സമരം ഊര്‍ജ്ജം പകര്‍ന്നു.

സ്വാതന്ത്ര്യാനന്തരം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഇന്നത്തെ കാസറഗോഡ് ജില്ല ഉള്‍പ്പെടുന്ന പ്രദേശം മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായ തെക്കന്‍ കര്‍ണ്ണാടക ജില്ലയുടെ തെക്കേ അറ്റത്തുളള ഒരു താലൂക്കായിരുന്നു. അന്നത്തെ പുത്തൂര്‍ റവന്യൂ ഡിവിഷനില്‍പ്പെട്ട കാസറഗോഡ് താലൂക്ക്. ഹോസ്ദുര്‍ഗ്ഗ് പ്രദേശം കാസറഗോഡ് താലൂക്കില്‍പ്പെട്ട ഒരു സബ് താലൂക്കുമായിരുന്നു. 1951 ല്‍ നടന്ന സ്വാതന്ത്ര്യത്തിനു ശേഷമുളള ആദ്യ കാനേഷുമാരിയില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഷാടിസ്ഥാനത്തിലുളള സംസ്ഥാന പുനസംഘടനയെ തുടര്‍ന്ന് കാസറഗോഡ് താലൂക്ക് തെക്കന്‍ കര്‍ണ്ണാടക ജില്ലയില്‍ നിന്നും വേര്‍പ്പെടുത്തി മലബാര്‍ ജില്ലയോട് ചേര്‍ക്കുകയും മലബാര്‍ – തിരുകൊച്ചി സംയോജിപ്പിച്ച് 1956 നവംബര്‍ 1 ന് കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്തു. 1957 നവംബര്‍ 1 മുതല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ 3 ജില്ലകളായി വിഭജിച്ചു. അതോടെ കാസറഗോഡ് താലൂക്ക് വിഭജിച്ച് കാസറഗോഡ്, ഹൊസ്ദുര്‍ഗ്ഗ് താലൂക്കുകള്‍ക്ക് രൂപം നല്‍കുകയും കണ്ണൂര്‍ ജില്ലയുടെ ഭാഗമാകുകയും ചെയ്തു. കണ്ണൂര്‍ ജില്ല രൂപീകരിച്ചതോടെ കാസറഗോഡ് ആസ്ഥാനമായി ഒരു റവന്യു ഡിവിഷനും നിലവില്‍ വന്നു.കാസറഗോഡ്, ഹോസ്ദുര്‍ഗ്ഗ് താലൂക്കുകളും മുമ്പ് തലശ്ശേരി റവന്യു ഡിവിഷന്‍റെ ഭാഗമായിരുന്ന തളിപ്പറമ്പ് താലൂക്കും ഉള്‍പ്പെടുന്നതായിരുന്നു കാസറഗോഡ് റവന്യു ഡിവിഷന്‍.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇപ്പോള്‍ കാസറഗോഡ് ജില്ലയില്‍പ്പെട്ട നീലേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നുവെന്നും ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എ.കെ.ജി പാര്‍ലമെന്‍റിലേക്ക് ജയിച്ചതും ഈ പ്രദേശം കൂടി ഉള്‍പ്പെട്ട കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നുവെന്നും പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
1984 മെയ് 24 നാണ് കാസറഗോഡ് ജില്ല നിലവില്‍ വന്നത്. ഒരു പിന്നോക്ക പ്രദേശത്തിന്‍റെ സമഗ്ര വികസനത്തിനു വേണ്ടിയുളള ജനകീയ മുന്നേറ്റത്തിന്‍റെ സാക്ഷാത്കാരമായിരുന്നു കാസറഗോഡ്, ഹോസ്ദുര്‍ഗ്ഗ് എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച കാസറഗോഡ് ജില്ല. 2013 മെയ് 28 ന് കാസറഗോഡ് താലൂക്കിനെ വിഭജിച്ച് കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളും ഹൊസ്ദുര്‍ഗ്ഗ് താലൂക്കിനെ വിഭജിച്ച് ഹോസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്കുകളും നിലവില്‍ വന്നു.
കാസറഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ മൂന്ന് മുനിസിപ്പാലിറ്റികളാണ് ജില്ലയിലുളളത്. കാസറഗോഡ് മുനിസിപ്പാലിറ്റി 15.08.1966 നും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 01.06.1984 നും നീലേശ്വരം മുനിസിപ്പാലിറ്റി 01.11.2010 നുമാണ് നിലവില്‍ വന്നത്. കൂടാതെ 6 ബ്ലോക്ക് പഞ്ചായത്തുകളും 38 ഗ്രാമ പഞ്ചായത്തുകളുമാണ് ജില്ലയിലുളളത്.