കലകളും മേളകളും
ഒപ്പന
ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം ,കാസർഗോഡ് തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.
പൂരക്കളി
വടക്കൻകേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രമുഖ കലാരൂപങ്ങളിൽ ഒന്നാണ് പൂരംക്കളി. ഭഗവതി ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം കലാകാരൻ ചേർന്ന് ക്ഷേത്ര സന്നിധിയില്‍ അവതരിപ്പിക്കുന്ന കലാരൂപമാണ് പൂരക്കളി. മീനം മാസത്തിൽ (മാർച്ച്-ഏപ്രിൽ) ആഘോഷിക്കപ്പെടുന്ന പൂരം ഉത്സവത്തിന്റെ ഒരു അവിഭാജ്യഘടകമാണിത്. ഉത്സവം 9 ദിവസം നീണ്ടുനിൽക്കും, കാർത്തിക മുതൽ പൂരം വരെ. സ്നേഹത്തിന്റെ ദേവനായ കാമദേവന്റ്റെ ആരാധനയ്ക്കായാണ് പൂരം ആഘോഷിക്കുന്നത്. വനിതകളും കന്യകരായ യുവതികളുമാണ് പൂരം ഉല്‍സവം പ്രധാനമായും ഉദ്ദേശിക്കുന്നത്. പൂരക്കളിക്ക് 18 വ്യത്യസ്ത രൂപങ്ങളുണ്ട്. ഇതിഹാസകാവ്യമായ രാമായണത്തിലെ കഥകൾ മുഖ്യ വിഷയമാണ്.
ആചാരപരമായ നൃത്തം ആഴത്തിലുള്ള പരിശീലനവും നല്ല ശാരീരിക ശേഷിയും ഉറപ്പാക്കുന്നു. മുന്നോട്ടും പിന്നോട്ടും ഉള്ള ചലനങ്ങള്‍, ചടുലമായുള്ള വേഗ വ്യതിയാനങ്ങള്‍ തുടങ്ങിയ അടങ്ങിയ നൃത്തച്ചുവടുകള്‍ കാഴ്ചക്കാരെ ആകർഷിക്കുന്നു.
തിടമ്പു നൃത്തം
കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ, ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.
വടക്കന്‍ കേരളത്തിന്‍റെ തനത് കലാരൂപങ്ങളിലൊന്നാണ് തിടമ്പ് നൃത്തം. ഉത്സവകാലത്ത് ക്ഷേത്രത്തിനകത്ത് നടത്തുന്ന അനുഷ്ഠാന കല തികച്ചും ക്ഷേത്ര കലയായി നിലനില്‍ക്കുന്നു.
ചെണ്ട, വലംതല, ഇലത്താളം, ശ്രുതി, കുഴല്‍, ശംഖ് തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ അലങ്കരിച്ച ദേവീദേവډാരുടെ വിഗ്രഹം (തിടമ്പ്) തലയില്‍ എഴുന്നെളളിച്ച് നടത്തുന്ന നൃത്ത പ്രകടനം. ഞൊറി വെച്ച വെളള വസ്ത്രം തറ്റുടുത്ത നമ്പൂതിരിയാണ് നൃത്തക്കാരന്‍. കാതില്‍ കുണ്ഡലം, കൈകളില്‍ വലിയ സ്വര്‍ണ്ണ വളകള്‍, ഞൊറിയിട്ട് വിടര്‍ത്തി കെട്ടിയ തലപ്പാവ്. തലപ്പാവിന് മുകളിലാണ് ചെത്തിപ്പൂ, തുളസിയില എന്നിവ കൊണ്ട് കമനീയമായി അലങ്കരിച്ച ദേവന്‍റെയോ, ദേവിയുടെയോ വിഗ്രഹം. നൃത്തക്കാരന്‍റെ ഒരു കൈ ചുരുട്ടിപ്പിടിച്ച് നെഞ്ചോട് ചേര്‍ത്തു വയ്ക്കും. മേളം മുറുകുമ്പോള്‍ നൃത്തക്കാരന്‍ ശരീരമാസകലം വിറപ്പിച്ച് ഉറഞ്ഞ് നൃത്തം ചെയ്യുന്നു. മെയ് വഴക്കത്തോടെ താളത്തിനൊപ്പിച്ച് കാലും മേലും കണ്ണും പ്രവര്‍ത്തിക്കുന്ന നൃത്ത രൂപത്തിന് ശാസ്ത്രീയ നൃത്ത പാരമ്പര്യം അവകാശപ്പെടാം.