തെയ്യം
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.

വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി എന്നാണ് ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തെയ്യന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തമിഴിൽ തെയ്‌വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്.
